ചെറുതോണി: സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പതിവായി റോഡിലേക്ക് ഒഴുകുന്നത് പ്രദേശത്ത് ഗുരുതര ആരോഗ്യ-ശുചിത്വ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു. തടിയമ്പാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള പൊതുപ്രവർത്തകന്റെ കെട്ടിടത്തിൽനിന്നുള്ള മലിനജലമാണ് റോഡിന് കുറുകെ ഒഴുകി വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ദുരിതമായിരിക്കുന്നത്.
അസഹനീയമായ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ആഴ്ചകളായി തുടരുന്ന പ്രശ്നത്തിൽ സമീപ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഈ വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലം വഴിയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്.
ഒരാഴ്ച മുമ്പ് ടാങ്കിൽ നിന്നു മാലിന്യം റോഡിലൂടെ ഒഴുകിയിരുന്നു. അന്നു രാത്രി, ടാങ്കർ എത്തിച്ച് മാലിന്യം നീക്കം ചെയ്തതാണ്. സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്തെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഒരു നിലയിൽ വ്യാപാരസ്ഥാപനങ്ങളും രണ്ടു നിലകളിൽ നിരവധി കുടുംബങ്ങളും വാടകയ്ക്കു താമസിക്കുകയാണ്.
പരാതിയെത്തുടർന്ന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. റോഡരുകിൽ മാലിന്യം നിക്ഷേപിച്ചാൽ 10000 രൂപ മുതൽ പിഴ ഈടാക്കുന്ന അധികൃതർ കക്കൂസ് മാലിന്യം പതിവായി റോഡിലൂടെ ഒഴുകാൻ ഇടയാക്കിയിട്ട് 5000 രൂപ മാത്രം കെട്ടിട ഉടമക്ക് പിഴ ചുമത്തിയത് ആക്ഷേപത്തിനിടയാക്കിയിരിക്കയാണ്. മൂന്നു ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കണമെന്നും നിർദേശം നൽകി. മലിനീകരണ നിയന്ത്രണ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
കെട്ടിടത്തിന് അടിയിൽനിന്നു സെപ്റ്റിക് ടാങ്കിലേക്കു ശക്തമായ ഉറവയുള്ളതിനാലാണ് മലിനജലം വീണ്ടും പുറത്തേക്ക് ഒഴുകുന്നതെന്നാണ് കെട്ടിട ഉടമയുടെ വിശദീകരണം. സാംക്രമിക രോഗങ്ങളും ഷിഗെല്ല പോലുള്ള പകർച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിൽ മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്നത് ഗുരുതര ആരോഗ്യ ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി വേറെ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുക മാത്രമാണ് പരിഹാരമെന്നും നാട്ടുകാർ പറയുന്നു.